നിയമനവിവാദവും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധവും സര്‍ക്കാരിനെ തിരിഞ്ഞുകൊത്തും ; യുവജനരോഷം വിനയാകുമെന്നും സിപിഐ

Jaihind News Bureau
Thursday, February 11, 2021

 

തിരുവനന്തപുരം :  പിന്‍വാതില്‍ നിയമനവിവാദവും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചെന്നു സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. വിഷയം നീട്ടികൊണ്ടുപോകാതെ എത്രയുംവേഗം ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്കകത്ത് പലരും പല അഭിപ്രായങ്ങള്‍ പറയാതെ ഒറ്റ നിലപാട് വേണം മുന്നോട്ടുവയ്‌ക്കേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും യുവജനസംഘടനകള്‍ക്കിടയിലും ഭിന്നത രൂക്ഷം. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന് മന്ത്രിമാര്‍ വാദിക്കുമ്പോഴും താഴെത്തട്ടില്‍ യുവജനനേതാക്കള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമാണുള്ളത്.

ഈ തിരുകിക്കയറ്റല്‍ യുവാക്കള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ശബരിമലയും സ്വർണ്ണക്കടത്തും പ്രതിപക്ഷം ചർച്ചയാക്കിയപ്പോള്‍ പിന്‍വാതില്‍ നിയമനം ആയുധമാക്കാന്‍ വഴിയൊരുക്കിയത് സർക്കാർ തന്നെയാണെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ വരുന്ന മന്ത്രിസഭാ യോഗങ്ങളില്‍ പരമാവധി ബന്ധുനിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനാണ് സർക്കാർ നീക്കം. ഹോർട്ടികോർപ്പ്, ഓയില്‍ പാം ഇന്ത്യ തുടങ്ങിയ ഇടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്.  നിയമ, ധനകാര്യ, ആസൂത്രണ വിഭാഗങ്ങളുടെ എതിർപ്പ് മറികടന്നാണ് നീക്കം.