സർക്കാരിനെതിരെ പരസ്യ സമരപരിപാടികളുമായി ഘടകകക്ഷിയായ സിപിഐ രംഗത്ത്

Jaihind News Bureau
Wednesday, December 4, 2019

സംസ്ഥാന സർക്കാരിന്‍റെ ഘടകകക്ഷിയായ സിപിഐ അതേ സർക്കാരിനെതിരെ പരസ്യ സമരപരിപാടികളുമായി രംഗത്ത്. കോട്ടയം – കുമരകം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാനും ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പും സംസ്ഥാന സർക്കാരും അനാസ്ഥ കാട്ടുന്നു എന്നതും ചൂണ്ടിക്കാട്ടിയാണ് സിപിഐ ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഈ പരസ്യ പ്രതിഷേധങ്ങൾ സിപിഎം സിപിഐ പോര് മുറുകീ എന്നാണ് സൂചന.

ഭരണകക്ഷിയിലെ ഘടകകക്ഷി തന്നെ സംസ്ഥാന സർക്കാരിൻറെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് സർക്കാരിനെ തന്നെ വെട്ടിലാകുന്നതാണ്. കോട്ടയം കുമരകം റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുക, കുമരകത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, കോണത്താറ്റ് പാലം പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രധാന പാതയിൽ സ്ഥിതിചെയ്യുന്ന പാലമാണ് കോണത്താറ്റ് ബ്രിഡ്ജ്. ഇടുങ്ങിയ പാലത്തിൽ ഒരേ സമയം ഒരു ദിശയിലേക്കുള്ള വാഹനങ്ങൾക്കു മാത്രമാണ് കടന്നുപോകാൻ സാധിക്കുക. പാലം പുനർനിർമിക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 120 കോടി രൂപ എവിടെപ്പോയെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ സെക്രട്ടറി ശശിധരൻ ചോദിച്ചു.

പദ്ധതി ആവിഷ്‌കരിച്ചാൽ മാത്രം പോര. അത് ഇച്ഛാശക്തിയോടെ പ്രാവർത്തികമാക്കേണ്ടത് ജനപ്രതിനിധികളാണ്. നിർഭാഗ്യവശാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അതുണ്ടാകുന്നില്ലെന്നാണ് സിപിഐ പക്ഷം.

സർക്കാർ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ഹൈക്കോടതി വിമർശനത്തിനു പിന്നാലെ ഭരണപക്ഷത്തെ ഘടകകക്ഷി തന്നെ സമരരംഗത്തിറങ്ങിയത്. സംസ്ഥാന സർക്കാരിനെതിരെ സിപിഐ രംഗത്ത് വന്നപ്പോൾ സിപിഎം സിപിഐ ബന്ധം വഷളാകുമെന്ന് കാര്യത്തിൽ സംശയമില്ല.