തോല്‍വിയുടെ കാരണഭൂതന്‍ ആര്? സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്തുന്നതിനുള്ള സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.ദയനീയ തോൽവിയെ തുടർന്ന് പാർട്ടിയുടെ ജില്ലാ കൗൺസിലുകളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎമ്മിനും എതിരെ ഉയർന്ന വിമർശനം സംസ്ഥാന നേതൃയോഗങ്ങളിലും ഉയരും.

സർക്കാരിന്‍റെ പ്രവർത്തന ദൗർബല്യങ്ങളും മുഖ്യമന്ത്രിക്കെതിരെയുള്ള ജനവികാരവുമാണ് പരാജയ കാരണമെന്ന വിലയിരുത്തലാണ് സിപിഐ ഇതിനകം നടത്തിയിരിക്കുന്നത്. ദയനീയ തോൽവിയെ തുടർന്ന് പാർട്ടിയുടെ ജില്ലാ കൗൺ സിലുകളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎമ്മിനും എതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. വിഗ്രഹമുടച്ച് തല മാറ്റിവെക്കണമെന്ന ആവശ്യം വരെ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി കൊല്ലം ജില്ലാ നേതൃയോഗത്തിൽ ഉയർന്നിരുന്നു. എല്ലാ മന്ത്രിമാരും തികഞ്ഞ പരാജയം എന്ന വിലയിരുത്തലാണ് സിപിഐ എറണാകുളം ജില്ലാ നേതൃയോഗത്തിൽ ഉയർന്നത്.

മുഖ്യമന്ത്രിയുടെ ശൈലികൾക്കും ഭരണത്തിനും എതിരെയുള്ള തുറന്ന വിമർശനങ്ങളാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലാണ് സിപിഐ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ ഇതിനകം നടത്തിയിട്ടുള്ളത്. സിപിഎം നേതൃയോഗങ്ങളിൽപ്പോലും മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിശിതമായ വിമർശനങ്ങൾ തന്നെ സിപിഐ സംസ്ഥാന നേതൃയോഗത്തിലും ഉയരുമെന്നുറപ്പാണ്. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സംസ്ഥാന നേതൃയോഗം വിലയിരുത്തും.

സിപിഐ മത്സരിച്ച തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സിപിഎം കാര്യക്ഷമമായി പ്രവർത്തിച്ചില്ല എന്ന് വലിയ പരാതിയും സിപിഐക്കുണ്ട്. കണ്ണൂരിലെയും കാര്യവട്ടത്തെയും വിവാദങ്ങളിൽ സിപിഎമ്മിനെയും എസ്എഫ്ഐയേയും പ്രതിക്കൂട്ടിൽ ആക്കി സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം നടത്തിയ തുറന്നു വിമർശനങ്ങൾ ഇടതുമുന്നണിയിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ഇതിനെതിരെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ കടന്നാക്രമണവും ഏറെ ചർച്ചയായിരുന്നു. സിപിഐ നേതൃയോഗത്തിലും ഇത് ചൂടേറിയ ചർച്ചയ്ക്ക് കളമൊരുക്കും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് രണ്ടു ദിവസം സംസ്ഥാന കൗൺസിലും നടക്കും.

Comments (0)
Add Comment