‘കടലാസ് പദ്ധതികളുമായി വരുന്ന മാരിചന്മാരെ ഇടത്പക്ഷം തിരിച്ചറിയണം; അനാവശ്യ കണ്‍സള്‍ട്ടന്‍സി സർവ്വീസുകള്‍ ഒഴിവാക്കണം’ : സ്വർണക്കടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

Jaihind News Bureau
Sunday, July 19, 2020

സ്വർണക്കടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം നടത്തിയത്. മാഫിയകളും ലോബികളും ഇടത് നയങ്ങൾക്ക് അന്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനത്തില്‍ മന്ത്രി കെ ടി ജലീലിന് നേരെയും ഒളിയമ്പുണ്ട്. ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നും കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു.

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആണ് സിപിഐ രംഗത്ത് എത്തിയിരിക്കുന്നത്. മാഫിയകളും ലോബികളും ഇടത്പക്ഷ പ്രകടന പത്രികയ്ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരിചന്മാരെ ഇടത്പക്ഷം തിരിച്ചറിയണം. അനാവശ്യ കൺസൾട്ടൻസി സർവ്വീസുകള്‍ സർക്കാർ ഒഴിവാക്കണമെന്നും ഇത്തരത്തിലുള്ള ചൂഷണം അനുവദിക്കരുതെന്നും ലേഖനത്തിൽ പറയുന്നുണ്ട്. കേരളത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് സബ്‌ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും ഉണ്ടെന്നും ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണെന്നും ലേഖനം പറയുന്നു.

മന്ത്രി കെ.ടി ജലീലിനെതിരെയും ലേഖനത്തിൽ പേരു പറയാതെ വിമർശനം ഉണ്ട്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണെന്ന് ലേഖനത്തില്‍ പറയുന്നു. ടെൻഡറില്ലാതെ കോടികളുടെ കരാർ നേടിയത് മറിച്ച് കൊടുക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

വ്യവസായ വികസനത്തിന്‍റെ പേരിലും സമ്പദ്ഘടനാ വളർച്ചയ്ക്കുമെന്ന പേരിലും ഐടി സഹായത്താൽ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്നും ലേഖനത്തില്‍ നിർദ്ദേശമുണ്ട്.

കൂണുകൾ പോലെ നമ്മുടെ നാട്ടിൽ സ്വർണക്കടകൾ പെരുകിയിട്ടും ഇവയുടെ ഉറവിടം കണ്ടെത്താൻ ഇന്‍റലിജൻസോ കസ്റ്റംസോ മറ്റേതെങ്കിലും ഏജൻസികളോ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്ത് നിർബാധം തുടരുന്നുവെന്ന കുറ്റപ്പെടുത്തലും കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലുണ്ട്.

നേരത്തെയും സർക്കാരിനെതിരെ സിപിഐ പ്രത്യക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.