‘ബാലഗോപാലിനെ സിപിഎം ഒതുക്കാന്‍ ശ്രമിച്ചു, ഭൂരിപക്ഷം കുറച്ചത് നേതാക്കളുടെ ചവിട്ടിപ്പിടുത്തം’ : സിപിഐ റിപ്പോർട്ട്

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : കൊട്ടാരക്കരയില്‍ ഭൂരിപക്ഷം കുറച്ചത് സിപിഎം നേതാക്കള്‍ കെ.എന്‍ ബാലഗോപാലിനെ ഒതുക്കാന്‍ ശ്രമിച്ചതിനാലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥി മോഹികളായ ചിലര്‍ക്ക് സീറ്റ് ലഭിക്കാത്തതാണ് കാരണമെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലഗോപാലിന് 2016ലേതിനെക്കാള്‍ 32000 വോട്ടിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു.

അതേസമയം കുണ്ടറയിലെ തോല്‍വിയിലും സിപിഎമ്മിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടുകുറച്ചെന്ന് റിപ്പോര്‍ട്ടില്‍ പാർട്ടി കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥിനെ സിപിഐ പ്രശംസിച്ചു. വിഷ്ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശകരമായിരുന്നുവെന്നും ഹരിപ്പാട്ട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം എം.എല്‍ എ മുകേഷിനെ അടക്കം രൂക്ഷമായി വിമർശിച്ചായിരുന്നു സിപിഐ റിപ്പോർട്ട്.