തിരുവനന്തപുരം മണ്ഡലത്തിലെ തോൽവിയിൽ സിപിഎമ്മിനെ വിമർശിച്ച് സിപിഐ

ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥി സി.ദിവാകരന്‍റെ തോൽവിയിൽ സി.പി.എമ്മിനെ വിമർശിച്ച് സിപിഐ. സംസ്ഥാനത്തുണ്ടായ ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്ന പൊതു വിലയിരുത്തലും നേതൃയോഗത്തിലുയർന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗം നാളെ അവസാനിക്കും.

തിരുവനന്തപുരം മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥി സി.ദിവാകരന് പൊതു സ്വീകാര്യതയുണ്ടായിട്ടും ഈഴവ വിഭാഗത്തിന്‍റെ വോട്ടുകൾ ലഭിച്ചില്ലെന്ന വിമർശനമാണ് നേതൃയോഗത്തിൽ ഉയർന്നത്. പലയിടത്തും സി.പി.എം പ്രവർത്തകർ വോട്ട് മറിച്ചതും പരാജയത്തിന് കാരണമായി. കോൺഗ്രസ് വോട്ട് ബി.ജെപിക്കെന്ന പഴയ സിദ്ധാന്തം ശരിയായ വീക്ഷണമായിരുന്നില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ സംസ്ഥാനത്തുണ്ടായ ന്യൂനപക്ഷ ഏകീകരണം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് കഴിഞ്ഞുവെന്നും പൊതു വിലയിരുത്തലുണ്ടായി. ഇതിനു പുറമേ സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണം. കാലവും ചരിത്രവും മാറിയിട്ടും കാലത്തിന്‍റെ ചുവരെഴുത്തുകൾ വായിക്കാൻ സി.പി.എം തയ്യാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. സി പി എം പ്രവർത്തന ശൈലി മാറ്റാൻ തയ്യാറായില്ലെങ്കിൽ ബംഗാളിലും ത്രിപുരയിലുമെന്ന പോലെ കേരളത്തിലും അവർക്ക് തിരിച്ചടി ഉണ്ടാവുമെന്നും വിമർശന മുയർന്നു. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകങ്ങൾ ഇടതുമുന്നണിക്കെതിരായ വിധിയെഴുത്തായി മാറി. വിഷയം രാഷ്ട്രീയ ആയുധമാക്കി തെരെഞ്ഞെടുപ്പിൽ മുന്നേറാൻ കോൺഗ്രസിനും യു.ഡി.എഫിനുമായെന്നും അംഗങ്ങൾ വിമർശനമുയർത്തി.

CPI
Comments (0)
Add Comment