വനിതാ സബ്കളക്ടര്‍ക്ക് അധിക്ഷേപം; എസ്. രാജേന്ദ്രനെ തള്ളി സി.പി.ഐ

Jaihind Webdesk
Sunday, February 10, 2019

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സി.പി.ഐ രംഗത്ത്. അനധികൃതനിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. എം.എല്‍.എയുടെ പദവിക്ക് യോജിക്കാത്ത വാക്കുകളെന്നും സംസ്‌കാരത്തിന് യോജിക്കാതെ സംസാരിക്കുന്ന എം.എല്‍.എയെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. നമ്മള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവാഴ്ച്ചയെ അംഗീകരിക്കുന്ന നിലപാടല്ല എം.എല്‍.എയില്‍ നിന്നുണ്ടായത്. യാതൊരു ഉത്തരവാദിത്തവുമില്ലാതെ പഞ്ചായത്ത് അവിടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത് അതിന് എം.എല്‍.എ പിന്തുണ നല്‍കിയത് ശരിയായില്ല. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കേണ്ടവരാണ് പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ആ നിലയില്‍ പോകേണ്ടതിന് പകരം മറ്റൊരു സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ് – ശിവരാമന്‍ പറഞ്ഞു.