മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടുകുറച്ചു ; രൂക്ഷവിമര്‍ശനവുമായി സിപിഐ ; പി.സി വിഷ്ണുനാഥിന് പ്രശംസ

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : കുണ്ടറയിലെ തോല്‍വിയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സിപിഐയുടെ രൂക്ഷവിമര്‍ശനം. സ്വഭാവരീതി വോട്ടുകുറച്ചെന്ന് റിപ്പോര്‍ട്ടില്‍ പാർട്ടി കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥിനെ സിപിഐ പ്രശംസിച്ചു. വിഷ്ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശകരമായിരുന്നുവെന്നും ഹരിപ്പാട്ട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം എം.എല്‍ എ മുകേഷിനെ അടക്കം രൂക്ഷമായി വിമർശിച്ചായിരുന്നു സിപിഐ റിപ്പോർട്ട്.

സിപിഎം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഐയെ പ്രചാരണങ്ങളില്‍ കൂടെ കൂട്ടിയില്ലെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനോ നടപ്പിലാക്കാനോ സിപിഎം തയാറായിരുന്നില്ല. പാലായില്‍ ജോസ് കെ മാണിയുടെയും കടുത്തുരുത്തിലെ കേരള കോണ്‍ഗ്രസ് മാണിയുടെയും സ്ഥാനാര്‍ഥികളുടെ പരാജയം വ്യക്തിപരമായിരുന്നുവെന്നും സിപിഐ റിപ്പോർട്ടില്‍ പറയുന്നു.