എം.വി ഗോവിന്ദനെ തള്ളി സിപിഐ; എഡിജിപിയെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സിപിഐ

കോട്ടയം: എ.ഡി.ജി.പി – ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ. എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

എ.ഡി.ജി.പിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ അദ്ദേഹം തള്ളുകയും ചെയ്തു. താന്‍ പറഞ്ഞത് സി.പി.ഐയുടെ നിലപാടാണെന്നും അതില്‍ മാറ്റമൊന്നും ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ആര്‍.എസ്.എസ് നേതാക്കന്മാരെകാണുന്ന ഒരു ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന സര്‍ക്കാരില്‍ ഉണ്ടാകാന്‍ പാടില്ലെന്നും എ.ഡി.ജി.പിയെ മാറ്റണമെന്നത് സി.പി.ഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമുള്ള ആളല്ല അന്‍വറെന്നും ആരെല്ലാമാണ് അന്‍വറിന്റെ പിറകിലുള്ളതെന്ന് പതുക്കെ പതുക്കെ പുറത്തുവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പി.വി. അന്‍വറിനെതിരേയുള്ള സി.പി.എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. കയ്യും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലി അല്ലെന്നും ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Comments (0)
Add Comment