കോടികള്‍ മുടക്കി സ്വകാര്യ ആശുപത്രി വാങ്ങാനൊരുങ്ങിയ എം.എല്‍.എയോട് പാര്‍ട്ടി വിശദീകരണം തേടി

Jaihind News Bureau
Thursday, July 4, 2019

കൊല്ലം: പാര്‍ട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കോടികള്‍ നല്‍കി സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാന്‍ നീക്കം നടത്തിയതിന് ജിഎസ് ജയലാല്‍ എംഎല്‍എയോട് സിപിഐ വിശദീകരണം തേടി. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ജയലാലില്‍നിന്നു വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍, പാര്‍ട്ടിയില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു സ്വകാര്യ ആശുപത്രി സ്വന്തമാക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം നടന്നത്. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു.

ജയലാല്‍ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികില്‍ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം നടത്തിയത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങാതിരുന്നതാണ് അന്വേഷണത്തിനു വഴിതുറന്നത്.
സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കിയപ്പോഴാണു പാര്‍ട്ടി വിവരം അറിയുന്നത്.

കൊല്ലം നഗരത്തിനടുത്തു പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി പുനരുജ്ജീവിപ്പിച്ചു കൂടുതല്‍ ഓഹരി സമാഹരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനിടെയാണ്, ജയലാലിന്റെ നേതൃത്വത്തില്‍ സഹകരണ ആശുപത്രിക്കായി ഓഹരി സമാഹരണം തുടങ്ങിയത്.