ബിനോയ് വിശ്വത്തിന്‍റേത് പാർട്ടി നിലപാടെന്ന് സിപിഐ മുഖപത്രം

Jaihind Webdesk
Tuesday, January 4, 2022

 

ബിജെപിക്ക് എതിരായ രാഷ്ട്രീയ ബദലിന് കോൺഗ്രസ് അനിവാര്യമെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശം പാർട്ടിയുടെ ഔദ്യോഗിക നിലപാടാണെന്ന് സിപിഐ മുഖപത്രം. ഇടത് പാർട്ടികൾക്ക് മാത്രമായി ദേശീയ സഖ്യം സാധ്യമാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്നും ജനയുഗത്തിന്‍റെ മുഖപ്രസംഗം.

ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.” കോൺഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ബദൽ അസാധ്യമാണ്. രാഷ്ട്രീയ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണ്, ഇത് നിഷ്പക്ഷരും അംഗീകരിക്കും” ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.

എറണാകുളം ഡിസിസിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമർശം. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കും. ആ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെല്‍പ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കോൺഗ്രസ് പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.