സ്വർണ്ണക്കടത്തില്‍ സർക്കാരിന് പരോക്ഷ വിമർശനവുമായി സി.പി.ഐ

Jaihind News Bureau
Wednesday, July 8, 2020

മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിലൂടെയാണ് സി.പി.ഐ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇത്തരൊരു ആരോപണം ഉയർന്നുവരാനുള്ള സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ജനയുഗം എഡിറ്റോറിയല്‍ വിമർശിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പിന്‍റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണം. ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും അത് പുറത്തുകൊണ്ടുവരണമെന്നും അർഹമായ ശിക്ഷ നല്‍കണമെന്നും സി.പി.ഐ മുഖപത്രത്തില്‍ പറയുന്നു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വർണ്ണവേട്ടയാണ് ഇത്. ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കർശന പരിശോധനയ്ക്ക് വിധേയമാക്കില്ല എന്നതിന്‍റെ മറവിലാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്. ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്നയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഐ.ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐ.എ.എസിനെ മാറ്റിയെങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന പരോക്ഷ വിമർശനവും ജനയുഗം ഉന്നയിക്കുന്നു.

വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്‍റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണമെന്നും ജനയുഗം എഡിറ്റോറിയലില്‍ പറയുന്നു.