പ്രമേഹം രൂക്ഷമായ കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുമാറ്റി; മൂന്ന് മാസത്തെ അവധി അപേക്ഷ നല്‍കി, സംസ്ഥാനസെക്രട്ടറി പദം ഒഴിയില്ല


പ്രമേഹരോഗവും അണുബാധയും രൂക്ഷമായതിനെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുമാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാനത്തിന്റെ ചികിത്സ. ഇടതുകാലിന് നേരത്തേ വന്ന ഒരു അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതല്‍ വഷളാക്കി. രണ്ട് മാസത്തോളം ഉണങ്ങാതെ വന്നതോടെയാണ് കാനം ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും പഴുപ്പ് കാലില്‍ മുകളിലേക്ക് കയറി. രണ്ടു വിരലുകള്‍ മുറിച്ചു കളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമയത്ത് മൂന്നു വിരലുകള്‍ മുറിച്ചു, എന്നിട്ടും പഴുപ്പ് കുറഞ്ഞില്ല. ഒടുവിലാണ് പാദം തന്നെ മുറിച്ചു കളയേണ്ടി വന്നതെന്ന് കാനം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. താനാദ്യം ഇത് കാര്യമാക്കിയിരുന്നില്ലെന്നും പെട്ടെന്നാണ് അണുബാധ കയറിയതെന്നും കാനം പറഞ്ഞു. വേദന ഉണ്ട്, പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കി. 30ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം അതു പരിഗണിക്കും.
സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയില്ല, അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാര്‍ട്ടി ആലോചിക്കും. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവില്‍ കേരളത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിര്‍വാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

Comments (0)
Add Comment