സ്വർണ്ണക്കടത്ത് പ്രതികള്‍ക്കുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ കണ്ടെത്തണം ; കുറ്റവാളികള്‍ പുറത്ത് വിരാജിക്കുന്നു : സിപിഐ

Jaihind Webdesk
Friday, July 2, 2021

​​തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ വസ്‌തുത പുറത്തുവരണമെന്ന് സി പി ഐ. അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെങ്കില്‍ കണ്ടെത്തണം. വിവാദങ്ങള്‍ മാത്രമാകുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുമെന്നും തിരുവനന്തപുരം സ്വര്‍ണക്കടത്തിലും ഇതാണ് സംഭവിച്ചതെന്നും സി പി ഐ മുഖപത്രം തങ്ങളുടെ മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

കരിപ്പൂരിൽ പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. അധോലോക —മാഫിയാ ശക്തികളുടെ വേരറുക്കുന്ന നടപടികൾ ഉണ്ടാകുമോയെന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ പറയുന്നു.

നയതന്ത്ര സ്വർണക്കടത്തിൽ യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും പുറത്തു തന്നെ വിരാജിക്കുകയാണ്. രാജ്യത്തിന്‍റെ സമ്പദ്ഘടന തകർക്കുന്നത്ര കള്ളക്കടത്ത് സ്വർണം കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും സി പി ഐ കുറ്റപ്പെടുത്തുന്നു.