കരിമണൽ ഖനനം: മന്ത്രി ജി സുധാകരന് എതിരെ സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി; കരിമണല്‍ കൊള്ള സി.പി.ഐക്ക് മനസിലായെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, May 24, 2020

ലോക്ഡൗൺ മുതലെടുത്ത് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനായുള്ള സർക്കാർ നീക്കത്തിനെതിരെ പരസ്യ പ്രതികരണവുമായി സി.പി.ഐ. ആലപ്പുഴയുടെ തീരദേശത്ത് കരിമണല്‍ ഖനനം പാടില്ലെന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുളളതാണെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി ജി സുധാകരന്‍റെ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന കരിമണല്‍ കൊള്ളയെക്കുറിച്ച് സഖാവ് ടി.ജെ ആഞ്ചലോസിന് പിടികിട്ടിയെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു പ്രതികരിച്ചു. ആഞ്ചലോസിന്‍റെ നിലപാടിനെ അഭിനന്ദിക്കുന്നതായും എം ലിജു പറഞ്ഞു.

ടി.ജെ ആഞ്ചലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

”ആലപ്പുഴ ജില്ലയുടെ തീരദേശത്ത് പൊതു മേഖലയിലോ ,സ്വകാര്യമേഖലയിലോ ,സംയുക്ത സംരംഭമായിട്ടോ കരിമണൽ ഖനനം പാടില്ലെന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജില്ലയുടെ തീരദേശത്ത് ആശങ്ക പടരുന്ന സാഹചര്യത്തിൽ ജലസേചന വകുപ്പിന്റെ കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെടുന്നു.
ഇനിയുമൊരു പ്രളയം താങ്ങാൻ നാടിന് കഴിയില്ല എന്നത് കൊണ്ടാണ് തോട്ടപ്പള്ളി സ്പിൽവേയുടെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമുള്ള മണൽ നീക്കം ചെയ്യണമെന്ന് മഹാ പ്രളയം മുതൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ വേനൽ കാലത്ത് ഈ ജോലി ചെയ്യാതെ കനത്ത മഴ പെയ്ത് വെള്ളം പൊങ്ങിയതിന് ശേഷമാണ് ജോലി ആരംഭിച്ചിരിക്കുന്നത്.
എ.എസ് കനാലും,തോട്ടപ്പള്ളി ലീഡിങ് ചാനലും ആഴം കൂട്ടാത്തത് കൊണ്ട് തന്നെ കുട്ടനാട്ടിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്‌.

കൊച്ചിയ്ക്കും കൊല്ലത്തിനുമിടയിലുള്ള പ്രധാന ഫിഷിങ് ഹാർബർ എന്ന നിലയിൽ തോട്ടപ്പള്ളിയെ സംരക്ഷിക്കണം.ഇതിന് കോട്ടം സംഭവിച്ചാൽ ജില്ലയിലെ പതിനായിരക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും.ഇവിടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം നാഷണൽ ഹൈവേ പോലും ഇല്ലാതാകും.
ഇപ്പോൾ തന്നെ രൂക്ഷമായ കടലാക്രമണത്തിൽ ദുരിതം പേറുന്ന പുറക്കാട് ഉൾപ്പെടെയുള്ള തീരദേശവും മത്സ്യ തൊഴിലാളികളുടെ ഭവനങ്ങളും ഇല്ലാതാകും.

തോട്ടപ്പള്ളിയിൽ നിന്നും നീക്കം ചെയ്യുന്ന മണൽ ജില്ലയിലെ കടലാക്രമണം തടയുവാനുള്ള പദ്ധതികൾക്കായി തന്നെ വിനിയോഗിക്കണം. രാഷ്ട്രീയ പാർട്ടികളുടേയും മത്സ്യ തൊഴിലാളി സംഘടനകളുടെയും യോഗം ഉടൻ വിളിച്ച് ചേർക്കണം.(മെയ് 22ന് മുഖ്യമന്ത്രിയ്ക്ക് അയച്ച മെയിലിന്‍റെ ഉള്ളടക്കം)

അഡ്വ. എം ലിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

”സഖാവ് ടി ജെ ആഞ്ചലോസിനു
മന്ത്രിയുടെ മണ്ഡലം അമ്പലപ്പുഴ
തോട്ടപ്പള്ളിയിലെ കരിമണൽ കൊള്ള പിടികിട്ടി

സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ശ്രീ ടി ജെ ആഞ്ചലോസ് എക്സ് എംപി യുടെ നിലപാടിന്
അഭിനന്ദനങ്ങൾ”

അതേസമയം കരിമണല്‍ ഖനനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സ്ഥലത്ത് പ്രതിഷേധം ശക്തമാണ്. സ്ഥലത്തെ ജനപ്രതിനിധികൂടിയായ മന്ത്രി ജി സുധാകരൻ വിഷയത്തിൽ ഇടപെടണമെന്നും കരിമണൽ ഖനനത്തിനായി ജനങ്ങളെ കുരുതികൊടുക്കരുതെന്നുമാണ് സമരസമിതിയുടെ ആവശ്യം.