സ്പ്രിങ്ക്ളറില്‍ സി.പി.ഐക്ക് അതൃപ്തി ; മന്ത്രിസഭയെ മറികടന്നുള്ള കരാര്‍ തെറ്റെന്ന് വിലയിരുത്തല്‍

Jaihind News Bureau
Sunday, April 19, 2020

ചട്ടങ്ങള്‍ പാലിക്കാതെ ക്രമവിരുദ്ധമായി നടത്തിയ സ്പ്രിങ്ക്ളര്‍ ഡാറ്റാ കരാറിനെച്ചൊല്ലി ഇടതുമുന്നണിക്കുള്ളിലും അതൃപ്തി. നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്ന് വിദേശകമ്പനിയുമായി കരാറുണ്ടാക്കിയതില്‍ സഖ്യകക്ഷിയായ സി.പി.ഐക്ക് അതൃപ്തിയുണ്ട്. സി.പി.ഐ നിർവാഹകസമിതിക്ക് ശേഷമായിരിക്കും വിഷയത്തിലെ പരസ്യപ്രതികരണമെന്നാണ് വിവരം.

ഡാറ്റാ കൈമാറ്റത്തിന് വിദേശകമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്കോ സർക്കാരിനോ കഴിയുന്നില്ല. ചോദ്യങ്ങളെ ഭയന്ന് പതിവ് വാര്‍ത്താസമ്മേളനം പോലും നിര്‍ത്തേണ്ട സാഹചര്യവും മുഖ്യമന്ത്രിക്കുണ്ടായി. ഓരോ ദിവസവും കരാർ സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് വിഷയത്തില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ കഴിയാത്ത സാഹചര്യം സി.പി.ഐയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. വ്യക്തിവിവരങ്ങള്‍ കൈക്കലാക്കുമെന്ന കാരണത്താൽ ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സി.പി.ഐക്ക് വ്യക്തമായ പദ്ധതിയില്ലാതെ യു.എസ് കമ്പനിയെ ഡാറ്റാ കരാർ ഏൽപ്പിച്ചതിനോട് കടുത്ത വിയോജിപ്പാണുള്ളത്.

മന്ത്രിസഭയ്ക്കോ നിയമവകുപ്പിനോ മുന്നില്‍ കരാർ വരാത്തതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്. കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടതെങ്ങനെയെന്നും സി.പി.ഐ ചോദ്യം ഉന്നയിക്കുന്നു. സാമ്പത്തിക ഇടപാടില്ലാത്തതുകൊണ്ടാണ് നിയമവകുപ്പ് കരാര്‍ സംബന്ധിച്ച ഫയല്‍ കാണാത്തതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും സ്വന്തം നിലയിലാണ് കരാറിലൊപ്പിട്ടതെന്ന ഐ.ടി സെക്രട്ടറി എം ശിവശങ്കരിന്‍റെ വാദവും തമ്മിലുള്ള പൊരുത്തക്കേടും സി.പി.ഐക്ക് മുന്നിലുണ്ട്. നിർവാഹകസമിതിക്ക് ശേഷം പരസ്യപ്രതികരണത്തിന് സി.പി.ഐ ഒരുങ്ങുന്നതായാണ് വിവരം.