സ്പ്രിങ്ക്‌ളറില്‍ സിപിഐക്ക് കടുത്ത അതൃപ്തി; കരാറില്‍ അവ്യക്തതയെന്ന് കാനം

Jaihind News Bureau
Thursday, April 23, 2020

തിരുവനന്തപുരം:  സ്പ്രിങ്ക്‌ളര്‍ കരാറില്‍ സിപിഐക്ക് കടുത്ത അതൃപ്തി. കരാറില്‍ അവ്യക്തത ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് കാനം അതൃപ്തി അറിയിച്ചത്. കരാര്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നിലപാടിന് വിരുദ്ധമാണ്. മന്ത്രിസഭയേയും നിയമവകുപ്പിനേയും അറിയിക്കാതിരുന്നത് ശരിയായില്ലെന്നും കാനം പറഞ്ഞു. ഐടി സെക്രട്ടറി എം.ശിവശങ്കര്‍ കഴിഞ്ഞദിവസം സിപിഐ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കിയിരുന്നു. കരാര്‍ സാഹചര്യങ്ങളെല്ലാം ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സിപിഐ അതൃപ്തി തുടരുകയാണ്‌.

അതേസമയം സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ സിപിഐ നേരത്ത തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  ഡാറ്റ കൈമാറ്റത്തിന് വിദേശകമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്കോ സർക്കാരിനോ കഴിയുന്നില്ലെന്നും സിപിഐ നേരത്ത തുറന്നടിച്ചിരുന്നു.

കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടതെങ്ങനെയെന്ന ചോദ്യവും സി.പി.ഐ നേരത്തെ ഉന്നയിച്ചിരുന്നു. സാമ്പത്തിക ഇടപാടില്ലാത്തതുകൊണ്ടാണ് നിയമവകുപ്പ് കരാര്‍ സംബന്ധിച്ച ഫയല്‍ കാണാത്തതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും സ്വന്തം നിലയിലാണ് കരാറിലൊപ്പിട്ടതെന്ന ഐ.ടി സെക്രട്ടറി എം ശിവശങ്കരിന്‍റെ വാദവും തമ്മിലുള്ള പൊരുത്തക്കേടും സി.പി.ഐ നേരത്തെ ചൂണ്ടിക്കാട്ടി.

സ്പ്രിങ്ക്ളറില്‍ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രം ജനയുഗവും നേരത്തെ രംഗത്തെത്തിയിരുന്നു. ഡാറ്റാ സുരക്ഷ സുപ്രധാനമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ എഴുതി. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു എന്നും എഡിറ്റോറിയലില്‍ ജനയുഗം വ്യക്തമാക്കിയിരുന്നു.