കൊച്ചി : തെരഞ്ഞെടുപ്പ് വിശകലത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ കലഹം രൂക്ഷമാകുന്നു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ സിപിഎം പ്രതിനിധി എം സ്വരാജിനായി സിപിഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. സിപിഐ കാലുവാരിയെന്ന് തൃപ്പൂണിത്തുറയിലെ തോല്‍വി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്ന് സിപിഎം പരാതി ഉന്നയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐ കാലുവാരിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനോട് നേരിട്ട് പരാതി ഉന്നയിച്ചു. തൃപ്പൂണിത്തുറയിലെ തോല്‍വിയില്‍ സി.എന്‍ സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.