ഗവർണർ പാർട്ടികളോട് അധികാരഭിക്ഷ യാചിച്ചയാള്‍ ; രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം

Jaihind News Bureau
Friday, December 25, 2020

 

തിരുവനന്തപുരം : ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയപാർട്ടികളോട് അധികാരഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിയാണെന്ന് മുഖപത്രത്തില്‍ പറയുന്നു. കേരളത്തില്‍ ആർഎസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും സിപിഐ മുഖപത്രത്തിൽ വിമർശിക്കുന്നു.

‘ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും ജനാധിപത്യ ഭരണസംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബര്‍ 23ന് ഒരു മണിക്കൂര്‍ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല.

സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആള്‍ പ്രവര്‍ത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്. ആ മന്ത്രിസഭയോട് നിയമസഭാ അംഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന പോലെ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. കേരളത്തിലെ സാഹചര്യം ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണെന്നിരിക്കെ ഗവര്‍ണറുടെ ജോലി, ഭൂരിപക്ഷം നഷ്ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാര്‍ശനുസരിച്ച് നിയമസഭ വിളിച്ചുചേര്‍ക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്നെയാണ്.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാ വിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. അതിനെ തടയാമെന്ന സംഘപരിവാര്‍ രാഷ്ട്രീയ ചിന്തയോടെ ഒരാള്‍ പദവിയില്‍ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ മനോനിലയുള്ളവരെ ഇത്തരം പദവിയില്‍ നിയോഗിക്കുന്ന മോഡി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടണം’- സിപിഐ മുഖപത്രം വിമർശിക്കുന്നു.