പൊലീസിനെതിരായ പരാമര്‍ശത്തില്‍ അതൃപ്തി ; ആനി രാജയെ തള്ളി സിപിഐ

Jaihind Webdesk
Thursday, September 2, 2021

തിരുവനന്തപുരം : പൊലീസിനെതിരായ പരാമര്‍ശത്തില്‍ ആനി രാജയെ തള്ളി സിപിഐ. പരാമര്‍ശം തെറ്റെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയം പാര്‍ട്ടി കമ്മിറ്റിയില്‍ ഉന്നയിക്കും. കേരള പൊലീസില്‍ ‘ആര്‍.എസ്.എസ് ഗ്യാങ് ‘ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ ആരോപണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും ആനി രാജ വിമര്‍ശിച്ചിരുന്നു.

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചതും കൊല്ലത്ത് സാമൂഹികവിരുദ്ധരെ ഭയന്ന് അമ്മയ്ക്കും 2 മക്കൾക്കും ട്രെയിനിൽ കഴിയേണ്ടി വന്നതും കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയതും ചൂണ്ടിക്കാട്ടിയാണു പൊലീസിനെതിരെ ആനി രാജ ഗുരുതര ആരോപണം ഉന്നയിച്ചത്. പരാതി നൽകിയിട്ടും പല കേസുകളിലും ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്നും കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും ഉറപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നയത്തിനു വിരുദ്ധമാണിതെന്നും അവർ പറഞ്ഞു.