പശുവിന്‍റെ പേരില്‍ അതിക്രമം കാസര്‍ഗോഡും; ഡ്രൈവറെയും സഹായിയെയും മര്‍ദിച്ച് വാഹനവുമായി കടന്നു | Video Report

Jaihind Webdesk
Monday, June 24, 2019

Cow-Vigilantism

കാസർഗോഡ്: പശുക്കടത്ത് ആരോപിച്ച് ഡ്രൈവര്‍ക്കും സഹായിക്കും ഏഴംഗ സംഘത്തിന്‍റെ മര്‍ദ്ദനം. ഇരുവരെയും അടിച്ചുവീഴ്ത്തിയ അക്രമി സംഘം പശുക്കളും പിക്കപ്പ് വാനും കടത്തിക്കൊണ്ടു പോയി. വാഹനത്തിലുണ്ടായിരുന്ന അരലക്ഷം രൂപയും അക്രമികള്‍ അപഹരിച്ചു.

കര്‍ണാടക പുത്തൂരില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നതിനിടെ എണ്‍മകജെ മഞ്ചനടുക്കയില്‍ വെച്ചാണ് അക്രമമുണ്ടായത്. കാറിലെത്തിയ സംഘം പശുക്കടത്ത് ആരോപിച്ച് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരുക്കേറ്റ പുത്തൂര്‍ പര്‍പുഞ്ച സ്വദേശികളായ പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ ഹംസ, സഹായി അല്‍ത്താഫ് എന്നിവരെ കാസര്‍ഗോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുത്തൂര്‍ കെദിലയിലെ ഇസ്മയില്‍ എന്നയാളാണ് പശുക്കളെ കാസര്‍ഗോട്ടെ ബന്തിയോട്ടേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തല്‍ കേന്ദ്രം നടത്തുന്ന ഹാരിസിന് നല്‍കാനായി അരലക്ഷം രൂപയും ഇസ്മയില്‍ ഇവരുടെ കൈവശം നല്‍കിയിരുന്നു. പണം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് ഹംസ പറഞ്ഞു.

ഹംസയും അല്‍ത്താഫും മര്‍ദ്ദനമേറ്റു വിണയുടന്‍ അക്രമി സംഘം പിക്ക് അപ്പ് വാനുമായി സ്ഥലം വിട്ടു. പശുക്കളെ കൊണ്ടുവരുന്നതിനായി കര്‍ണാടക മൃഗസംരണ വകുപ്പിലെ വെറ്റിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും അരലക്ഷം രൂപയും സംഘം അപഹരിച്ചതായും ഹംസ പറഞ്ഞു. ഇരുവരുടെയും പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തു. ഇതിനിടെ കര്‍ണാടക വിട്‌ലയില്‍ നിന്ന് പിക്കപ്പ് വാന്‍ കണ്ടെത്തിയിട്ടുണ്ട്.