സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Jaihind News Bureau
Monday, March 23, 2020

കൊവിഡ്-19 ന്‍റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് അടിയന്തരമായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനം പൂർണമായി അടച്ചിടാൻ  വൈകരുതെന്നും . അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം. ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായാല്‍ അത് സമൂഹ വ്യാപനത്തിന്‍റെ സൂചനയാണ്. വീടുകളിലെയും ക്ലിനിക്കുകളിലെയും പരിശോധന താല്‍ക്കാലികമായി നിര്‍ത്തണമെന്നും ഐ.എം.എ  ആവശ്യപ്പെട്ടു.

അടിയന്തര സേവനങ്ങളൊഴികെ മറ്റ് സംവിധാനങ്ങൾ മുഴുവൻ അടച്ചിടണം. സാമൂഹിക വ്യാപനമുൾപ്പെടെയുള്ള ഗുരുതര പ്രശ്നം ഒഴിവാക്കാൻ ലോക്ക്ഡൗണ്‍ മാത്രമാണ് ഏക മാർഗമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോക്ടർ എബ്രഹാം മാത്യു വ്യക്തമാക്കി.

വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐ.എം.എ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒ.പി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ കാഷ്വാലിറ്റി വഴിയാക്കണമെന്നും ആവശ്യമുയർന്നു.

സാമൂഹിക വ്യാപനം കണ്ടെത്താൻ പരിശോധ വ്യാപകമാക്കണം. വീടുകളിലെ നിരീക്ഷണം ഫലപ്രദമലമല്ലാത്തതിനാൽ സർക്കാർ നിയന്ത്രണത്തിൽ നിരീക്ഷണ സംവിധാനം നടപ്പിലാക്കണമെന്ന നിർദേശവും  ഐ.എം.എ മുന്നോട്ടുവെച്ചു. കേന്ദ്ര സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍  ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ഭാഗിക നിയന്ത്രണങ്ങൾ മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.