കൊറോണയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ് ; ‘വൈറസ് ജീ’യെ സെന്‍ട്രല്‍ വിസ്തയില്‍ പാര്‍പ്പിക്കൂ എന്ന് പരിഹാസം

 

കൊറോണ വൈറസ് വ്യാപനത്തിന്‍റെ സംഹാരതാണ്ഡവത്തിനിടെ വേറിട്ട അഭിപ്രായവുമായി ഉത്തരാഖണ്ഡിലെ ബിജെപി നേതാവ്. കൊറോണ വൈറസും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള ജീവിയാണെന്നായിരുന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മഹാമാരിയില്‍ ലോകം തന്നെ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന അവസ്ഥയിലെ റാവത്തിന്‍റെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ ട്രോള്‍ വര്‍ഷവും ഉയരുന്നുണ്ട്.

വ്യാഴാഴ്ച ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവേയായിരുന്നു  ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവിന്‍റെ പരാമര്‍ശം.

‘ദാര്‍ശനികമായി ചിന്തിക്കുമ്പോള്‍ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മള്‍ മനുഷ്യര്‍ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു’ – ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

കാര്യം എന്താണെങ്കിലും സാഹചര്യം പരിഗണിക്കാതെയുള്ള റാവത്തിന്‍റെ പ്രസ്താവനയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പരിഹാസവും ട്രോള്‍ വര്‍ഷവും നിറയുകയാണ്. കൊവിഡിനിടയിലും അവിരാമം നിര്‍മാണം തുടരുന്ന സെന്‍ട്രല്‍ വിസ്തയില്‍ ‘വൈറസ് ജീ’ക്ക്  ഇടംകൊടുക്കാനായിരുന്നു പരിഹസിച്ചുകൊണ്ടുള്ള ഒരു കമന്‍റ്.

Comments (0)
Add Comment