ഏമാന്മാർക്ക് എന്തുമാകാം, പിഴയും പഴിയും പൊതുജനത്തിന് ; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിജിപിയുടെ നേതൃത്വത്തില്‍ ‘ഫോട്ടോ സെഷന്‍’

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോസെഷന്‍. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായുള്ള ഫൊട്ടോയെടുക്കാനാണ് എല്ലാ ഉദ്യോഗസ്ഥരും മാസ്ക് ഊരിയത്. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമായിരുന്നു സ്റ്റേഷന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേനയാണ് പങ്കെടുത്തത്. ഡി.ജി.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയിരുന്നു.

അതേസമയം ഇരട്ട മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നിർദ്ദേശിക്കുമ്പോഴാണ് ഡിജിപിയുടെ നേതൃത്വത്തില്‍ നിയമലംഘനം നടന്നത്. ഇരട്ട മാസ്ക് ധരിക്കാത്ത പൊതുജനങ്ങളെ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കുന്ന പൊലീസ് തന്നെ ചട്ടംലംഘിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിലും പൊതുജനങ്ങള്‍ക്ക് എതിരെ കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വന്നപ്പോള്‍ നിയമങ്ങളെല്ലാം ലംഘിച്ചെന്നും ആരോപണം ഉയരുന്നു. ഡി.ജി.പി. വിരമിക്കാനിരിക്കെ, എല്ലാ ഉദ്യോഗസ്ഥരും ഒന്നിച്ചുകൂടി ഫൊട്ടോയെടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

 

 

Comments (0)
Add Comment