അന്ന് ‘ചട്ടലംഘനം’, ഇന്ന് മൗനം ; വാക്സിനില്‍ യച്ചൂരിയെ തിരിച്ചടിച്ച് പഴയ ട്വീറ്റ് ; വ്യാപകവിമര്‍ശനം

Jaihind Webdesk
Sunday, December 13, 2020

 

തിരുവനന്തപുരം:  ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഎം കേന്ദ്രനേതൃത്വം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ മൗനം പാലിക്കുന്നതിനെതിരെ വ്യാപകവിമര്‍ശനം.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് സീതാറാം യെച്ചൂരി കഴിഞ്ഞ ഒക്ടോബര്‍ 22ന് ട്വിറ്ററില്‍ കുറിച്ചത്.  പ്രഖ്യാപനം ബിഹാറില്‍ ചട്ടവിരുദ്ധമാവുകയും കേരളത്തില്‍ നിയമപരമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പ്  ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളേറെയും.  ഇതിനുപിന്നാലെയാണ് യച്ചൂരിയുടെ പഴയ ട്വീറ്റ് ചർച്ചയാകുന്നത്.

അതേസമയം കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എത്ര വാക്സിന്‍ ലഭ്യമാകുമെന്നോ എങ്ങനെ വിതരണം ചെയ്യണമെന്നോ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍കൂട്ടി നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. സി ജോസഫ് എം.എല്‍.എയും പരാതി നല്‍കി.