സംസ്ഥാനത്ത് ബൂസ്റ്റർ ഡോസുകള്‍ ജനുവരി 10 മുതല്‍; കൗമാരക്കാർക്കുള്ള വാക്സിന്‍ നാളെ മുതല്‍

Jaihind Webdesk
Sunday, January 2, 2022

 

തിരുവനന്തപുരം : സംസ്ഥാനത്ത് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ നാളെമുതൽ ആരംഭിക്കും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും വാക്സിനേഷൻ ഉണ്ടായിരിക്കും. കുട്ടികൾക്കായുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക ബോർഡുകളും സ്ഥാപിക്കും. ജനുവരി 10 മുതൽ തന്നെ മുതിർന്നവർക്കുള്ള കൊവിഡ് വാക്സിൻ  ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഒമിക്രോൺ വകഭേദം സംസ്ഥാനത്ത് വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കൂടുതൽ പേരെ വാക്സിൻ എടുപ്പിച്ച് പ്രതിരോധനടപടികൾ ശക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിന്‍റെ ഭാഗമായാണ് കൗമാരക്കാർക്കുള്ള വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കുന്നത്.

ഞായറാഴ്ച ഉൾപ്പെടെ ജനുവരി 10 വരെ ജനറൽ സിഎച്ച്സി ജില്ലാ താലൂക്ക് ആശുപത്രികളിൽ കുട്ടികൾക്കായി വാക്സിനേഷൻ ലഭ്യമാകും. ബുധനാഴ്ചകളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. എന്നാൽ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെയുള്ള നാല് ദിവസങ്ങളിൽ കുട്ടികൾക്കായി വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. കുട്ടികൾക്ക് കോവാക്സിനാണ് മാത്രമായിരിക്കും നൽകുക. ആശുപത്രികളിൽ കുട്ടികളുടെ വാക്സിനേഷൻ ആയി പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിക്കും.

വാക്സിനേഷൻ കേന്ദ്രങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി പ്രവേശന കവാടങ്ങളിലും രജിസ്ട്രേഷൻ നടത്തുന്ന ഇടത്തും വാക്സിനേഷൻ സ്ഥലത്തും പിങ്ക് ബോർഡുകളും സ്ഥാപിക്കും. ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സിഎച്ച്സി ജനറൽ ജില്ലാ താലൂക്ക് ആശുപത്രികളിൽ മുതിർന്നവർക്കുള്ള വാക്സിനേഷനും ഉണ്ടായിരിക്കും. മുതിർന്നവർക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനായി നീലനിറത്തിലുള്ള ബോർഡുകളും സ്ഥാപിക്കും. ഒമിക്രോൺ കേസുകൾ നൂറു കടന്ന സാഹചര്യത്തിൽ ശനിയും ഞായറും പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.