സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ഡ്രൈ റണ്‍ ; തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍

Jaihind News Bureau
Saturday, January 2, 2021

 

തിരുവനന്തപുരം : രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള ഡ്രൈ റൺ ഇന്ന് നടക്കും. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് പ്രതിരോധ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കൊവി ഷീൽഡിന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കും.

കേരളത്തില്‍ തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്സീന്‍ ഡ്രൈ റണ്‍ നടത്തുക.  തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഡ്രൈ റൺ നടക്കും. ഇടുക്കിയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റൺ നടക്കും. രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ. ഡ്രൈ റൺ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണിൽ പങ്കെടുക്കുക.

കൊവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തിവെക്കുന്നതിനുള്ള പരിശീലനം ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം തുടങ്ങിയവയാണ് ഡ്രൈ റണിൽ നടക്കുക. ഡ്രൈ റൺ പൂർത്തിയാകുന്നതോടെ വാക്‌സിന്‍ വിതരണത്തിന് രാജ്യം ഒരുങ്ങും. അതേസമയം കൊവി ഷീൽഡിന് ഇന്ത്യയിൽ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ് സ്റ്റാന്‍റേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ശുപാർശ ചെയ്തു.

ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉടൻ അനുമതി നൽകിയേക്കും. ഇതിന് ശേഷം കേന്ദ്രസർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച കൊവി ഷീൽഡ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ഉത്പാദനം നടത്തുന്നത്. പ്രാദേശിക വാക്സിൻ നിർമാതാക്കളായ ഭാരത് ബയോൺടെക് വികസിപ്പിക്കുന്ന കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നുള്ളൂ. മരുന്ന് നിർമാതാക്കളായ ഫൈസറും അവരുടെ പ്രതിരോധ മരുന്നിന്റെ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയിട്ടുണ്ട്.