ദുബായ് : യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 735 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ, കഴിഞ്ഞ 23 ദിവസം കൊണ്ട്, 3543 പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി. വലിയ ഇടവേളയ്ക്ക് ശേഷമാണ് യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം എഴുന്നൂറ് കവിയുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിലധികമായി പ്രതിദിന രോഗികളുടെ എണ്ണം, മുന്നൂറിനും നാനൂറിനും ഇടയില്‍ മാത്രമായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഇത് 574 ആയി. ഇതാണ്, ബുധനാഴ്ച 735 ആയി പെട്ടെന്ന് വര്‍ധിച്ചത്. അതായത്, ഒരൊറ്റ ദിവസം കൊണ്ട്, 161 പേരുടെ വര്‍ധന ഉണ്ടായി. ഇതോടൊപ്പം, മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ മരണം രാജ്യത്ത് 387 ആയി കൂടി.
അതേസമയം, ഓഗസ്റ്റ് മാസം പത്തിന് 5581 ആക്ടീവ് കേസുകള്‍ മാത്രമാണ് യുഎഇയില്‍ ഉണ്ടായിരുന്നത്. ഇതാണ്, സെപ്റ്റംബര്‍ രണ്ട് ആയപ്പോള്‍, 9124 എന്ന സംഖ്യയിലേക്ക് കടന്നത്. അതായത്, 23 ദിവസം കൊണ്ട്, 3543 പേര്‍ക്ക് രോഗം കണ്ടെത്തി. അതേസമയം, സ്‌കൂളുകള്‍ തുറന്ന ഈ ഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഭൂരിഭാഗം സ്‌കൂളുകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് തുടരുന്നത്. എങ്കിലും, രോഗികളുടെ എണ്ണം കൂടുന്നതില്‍, ആശങ്ക വര്‍ധിക്കുകയാണ്. എന്നാല്‍, 80,000 ത്തോളം പേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ, രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവര്‍ 71,540 കവിഞ്ഞു. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 62,029. ഇതുവരെ 70 ലക്ഷത്തിലേറെ പേരില്‍ കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കി.