സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Jaihind News Bureau
Thursday, April 23, 2020

സംസ്ഥാനത്ത് ഇന്ന് പുതിയതായി 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു . എന്നാൽ 8 പേർ രോഗ മുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ അയൽ സംസ്ഥാനത്ത് നിന്നു വന്നവരാണ് . ഇവർ ഇടുക്കിയിലുള്ളവർ. രണ്ടുപേര്‍ വിദേശത്തുനിന്നുവന്നവരാണ്. നാലുപേര്‍ക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായിരിക്കുന്നത് .

ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നെഗറ്റീവായവരില്‍ ആറ് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 447 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു.

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിനിയായ 85 വയസുകാരിയായ സ്ത്രീയ്ക്കാണ്. ഇവർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കം മൂലമാണ്. കുളത്തൂപ്പുഴയിൽ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ അയൽവാസിയാണ് ഈ വീട്ടമ്മ. ഇയാളുമായി അടുത്തിടപ്പെട്ട അമ്പതിലേറെപ്പേർ നിരീക്ഷണത്തിലാണ് . കൊവിഡ് പടർന്നു പിടിക്കുന്ന തമിഴ്നാട്ടിലെ പുളിയൻ കുടിയിൽ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതോടെയാണ് ഇയാൾക്കു രോഗബാധ ഉണ്ടായത്. ഇന്നു രോഗം സ്ഥിരീകരിച്ച സ്ത്രീയെ പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ വിശദമായ സഞ്ചാര പഥം ജില്ലാ ഭരണകൂടം തയ്യാറാക്കി. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

അതേസമയം,സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 23,976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 23,439 പേര്‍ വീടുകളിലും 437 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 21, 334 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 20,326 എണ്ണം നെഗറ്റീവായി.

കണ്ണൂരില്‍ 2592 പേര്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍കോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്. ഈ നാല് ജില്ലകളും റെഡ് സോണിൽ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.