കൊവിഡ് വ്യാപനം : സര്‍വകലാശാല പരീക്ഷകള്‍ മാറ്റി ; പുതുക്കിയ തീയതി പിന്നീട്

 

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷകള്‍ നാളെ തുടരാനിരിക്കെയാണ് നിര്‍ദേശം. കേരള, എം.ജി, മലയാള, ആരോഗ്യ, സംസ്‌കൃത സർവ്വകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എംപി ഉള്‍പ്പെടെ  ഗവര്‍ണറോട്  ആവശ്യപ്പെട്ടിരുന്നു . കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. വിവിധ സര്‍വ്വകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു.

കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പരീക്ഷകള്‍ നടത്തേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Comments (0)
Add Comment