കൊവിഡ് കാലം സിനിമയെ മാറ്റുന്നു : നടീ-നടന്‍ വിവേചനം മാറി ; ‘സെയിലബിള്‍ ആക്ടര്‍’  അല്ലെങ്കിലും അവസരം വരുന്നു ; മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്‌

ദുബായ് : മലയാള സിനിമ കൊവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും, സ്വതന്ത്ര ചിന്തകളുള്ള ഉള്ളടക്കങ്ങള്‍ കൂടി വരുകയാണെന്ന് നടി മംമ്ത മോഹന്‍ദാസ്‌ പറഞ്ഞു. സ്തീ-പുരുഷന്‍,  നടീ-നടന്‍ എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ , സ്ത്രീകള്‍ക്കും മികച്ച അവസരം ലഭിക്കുന്ന കാലഘട്ടമാണിത്. ദുബായിലെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ , വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. നടി സെയിലബിള്‍ ആക്ടര്‍ അല്ലെങ്കിലും , പുതിയ കാലം എല്ലാവര്‍ക്കും അവസരം നല്‍കുന്നുണ്ടെന്നും മംമ്ത മോഹന്‍ദാസ്‌ കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യമാസം തന്നെ ഒരു താന്‍ വീഡിയോ കവറിനായി അഭിനയിച്ചു. സ്വന്തമായി ഷൂട്ട് ചെയ്തു. സുഹൃത്തുക്കളുടെ പല പ്രൊജക്ടുകളിലും സഹകരിച്ചു. ഞാന്‍ ടിക്ക് ടോക്ക് ഫ്രണ്ടലി അല്ല. എങ്കിലും, എനിക്ക് എന്റേതായ ഉള്ളടക്കം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എന്നും വ്യത്യസ്തമായി ചിന്തിക്കും. ഇത് താല്‍ക്കാലിക പ്രതിസന്ധി മാത്രം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വര്‍ധിച്ചു. ഇപ്പോള്‍, സിനിമ കാണുന്ന രീതിയില്‍ പോലും മാറ്റം വരുത്തിയെന്നും മംമ്ത് മോഹന്‍ദാസ് പറഞ്ഞു.

” ഞാന്‍ വളരെ ശുഭാപ്തി വിശ്വാസമുള്ള വ്യക്തി”

ആളുകള്‍ നെറ്റ്ഫ്‌ളിക്‌സുകളും ആമസോണുകളും വീടുകളില്‍ എടുക്കുന്ന കാലം. ഇന്റര്‍നെറ്റും മറ്റും അപ്പ് ഗ്രേഡ് ചെയ്യുന്ന സമയം. വലിയ മാറ്റമാണ് ലോകമെങ്ങും നടക്കുന്നത്. ഒരുപാട് സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങളും സാധ്യതകളും ഇത് തുറക്കുന്നു. എന്റെ വൈറ്റ് ഫ്രണ്ട്‌സ് ( വെള്ളക്കാരായ കൂട്ടുകാര്‍ ) വരെ തന്റെ സിനിമകള്‍ കണ്ട് അഭിനന്ദിക്കുന്നു. ഞാന്‍ വളരെ ശുഭാപ്തി വിശ്വാസമുള്ള വ്യക്തിത്വമാണ്. അതിനാല്‍ ഈ പുതിയ മാറ്റം, കാലത്തിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും കരുതുന്നു.

സ്ത്രീകളുടെ അഭിനയ മികവ് ലോകത്തിന് മുന്നില്‍

നൂറ് കോടിയെല്ലാം മുതല്‍ മുടക്കുന്ന സിനിമകള്‍ സിനിമാ തിയറ്ററുകളില്‍ പോയി തന്നെ കാണണം. അതിനുള്ള വിപണന സാധ്യതകള്‍ അത്തരം സിനിമകള്‍ക്ക് ഉണ്ട്.  സിനിമാ ആസ്വാദകര്‍ ഒന്നിച്ചെത്തി അത്തരം സിനിമകള്‍ കാണേണ്ടതും അനിവാര്യമാണ്. മലയാളത്തിലും നല്ല ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വരുന്നു. സ്ത്രീ കഥാപാത്രങ്ങളുടെ പങ്ക് , മികച്ച കഥകളിലൂടയും തിരക്കഥകളിലൂടെയും ലോകം കാണുകയാണ്. അതിനാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാലം സ്ത്രീകളുടെ അഭിനയ മികവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ് ഇതെന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു.

‘തേടല്‍’ മ്യൂസിക് വീഡിയോ ലോഞ്ച് ചെയ്തു

ദുബായ് കേന്ദ്രമാക്കി ഒരുക്കിയ ‘തേടല്‍’ എന്ന മ്യൂസിക് വീഡിയോയുടെ ഭാഗമായി ഒരുക്കിയ, വീഡിയോ കോണ്‍ഫറന്‍സില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മംമ്ത ഇപ്രകാരം മനസ് തുറന്നത്. എഴുത്തും സംവിധാനവും നിര്‍വഹിച്ച സച്ചിന്‍ രാമദാസ്,  സംഗീതം ചെയ്ത സച്ചിന്‍ വാര്യര്‍, അര്‍ജുന്‍ രാമന്‍, ഐവര്‍ ഗ്രേഷ്യസ് , നരേന്ദ്ര മേനോന്‍, കേശവ് പുരുഷോത് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.

Comments (0)
Add Comment