ആഘോഷങ്ങള്‍ പിന്നീടാകാം, മൂന്നാം തരംഗം തൊട്ടരികില്‍; മുന്നറിയിപ്പുമായി ഐഎംഎ

ന്യൂഡല്‍ഹി : കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ അലംഭാവം പാടില്ലെന്നും മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് ഐഎംഎ ഓര്‍മപ്പെടുത്തി.  ഇക്കാര്യത്തില്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വീഴ്ച സംഭവിക്കുന്നതില്‍ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത രണ്ടു മൂന്നു മാസങ്ങൾ നിർണായകമാണെന്നും അലംഭാവം കാട്ടാതിരിക്കാമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

‘ഇതുവരെയുള്ള ഏതൊരു മഹമാരിയുടെയും ചരിത്രവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിവരങ്ങളും അനുസരിച്ച് മൂന്നാം തരംഗം എന്നത് അനിവാര്യവും ആസന്നവുമാണ്. എന്നാൽ വേദനാജനകമെന്നു പറയട്ടെ, രാജ്യത്തെ സർക്കാരും ജനങ്ങളും കൊവിഡ് മാനദണ്ഡങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെ കൂട്ടംകൂടുകയാണ്. വിനോദയാത്ര, തീർത്ഥാടനം, മതപരമായ ആഘോഷങ്ങൾ എല്ലാം ആവശ്യമുള്ളവയാണ്. എന്നാൽ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കണം. ഇവയെല്ലാം വീണ്ടും ആരംഭിക്കുന്നതും വാക്സിനേഷനില്ലാതെ ജനങ്ങളെ പ്രവേശിപ്പിക്കുന്നതും മൂന്നാം തരംഗത്തിലേക്കുള്ള സൂപ്പര്‍ സ്പ്രെഡാകാന്‍ വേദിയൊരുക്കുകയാണ്.

കൊവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിലുള്ള ചെലവിനേക്കാളും എത്രയോ കുറവാണ് ഇത്തരം കൂട്ടംകൂടലുകൾ ഒഴിവാക്കുന്നതിലൂടെയുള്ള സാമ്പത്തിക നഷ്ടം. സാർവത്രിക വാക്സിനേഷനിലൂടെയും കോവിഡിന് അനുയോജ്യമായ പെരുമാറ്റങ്ങൾ പിന്തുടരുന്നതിലൂടെയുമേ മൂന്നാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനാകൂ എന്നാണ് കഴിഞ്ഞ ഒന്നര വർഷത്തെ അനുഭവം നമ്മളെ പഠിപ്പിച്ചത്.’– ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.

 

Comments (0)
Add Comment