സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ കുത്തനെ കുറഞ്ഞു, വാക്സിനേഷനും മന്ദഗതിയില്‍; കുതിച്ചുയർന്ന് ടിപിആർ, ആശങ്ക

Jaihind Webdesk
Sunday, August 22, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ കുത്തനെ കുറഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ. ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നത് ഫലത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ ഏതാനും ദിവസങ്ങള്‍ കൊണ്ടെത്തിച്ചത്. ടിപിആർ നിരക്ക് കുത്തനെ ഉയരുന്നതാണ് കാണാനാകുന്നത്. പരിശോധനയുടെ എണ്ണവും ഈ ദിവസങ്ങളില്‍ വളരെ കുറവായിരുന്നു. എന്നിട്ടും രാജ്യത്തെ ആകെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ പകുതിയിലധികവും കേരളത്തിലാണ് എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.

ഓണാവധി ദിനങ്ങളിൽ ഒരു ലക്ഷത്തില്‍ താഴെ മാത്രം പരിശോധകളാണ് സംസ്ഥാനത്ത് നടത്തിയത്. ഈ മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. പിന്നീട് ഓരോദിവസവും കുറഞ്ഞ് ഇന്നലെ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ടിപിആർ 17.73 ആയി ഉയർന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി കൃത്യമായി മനസിലാക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് വാക്സിനേഷനും മന്ദഗതിയിലാണ് നിലവില്‍ പുരോഗമിക്കുന്നത്. വാക്സിനേഷന്‍ ആരംഭിച്ചതിനുശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. ഓണം ഇളവുകള്‍ വരും ദിവസത്തെ കൊവിഡ് കണക്കുകളില്‍ പ്രതിഫലിക്കുക കൂടി ചെയ്താല്‍ സംസ്ഥാനം നേരിടേണ്ടിവരിക ഗുരുതരമായ സ്ഥിതിവിശേഷത്തെ ആയിരിക്കും എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ.