ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി സമ്പർക്കം പുലർത്തിയവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Jaihind News Bureau
Monday, March 30, 2020

കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുളള ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്. പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ 24 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊതുപ്രവർത്തകന്‍റെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധനാഫലം കൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകും.  മാർച്ച് 24ന് ആണ് ഇദ്ദേഹത്തിന്‍റെ ആദ്യ സാംപിൾ പരിശോധിച്ചത്. അത് പൊസിറ്റീവായതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 28 ന് ശേഖരിച്ച സാമ്പിള്‍ പരിശോധന നെഗറ്റീവ് ആണെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇനി ഒരു പരിശോധനാ ഫലം കൂടിയാണ് പുറത്തുവരാനുള്ളത്. ഇതുകൂടി നെഗറ്റീവ് ആയാല്‍ പൊതുപ്രവര്‍ത്തകന് ആശുപത്രി വിടാനാകും.

നേരത്തെ കൊവിഡ് ബാധിതനെന്ന് സംശയിച്ച പൊതു പ്രവർത്തകനെ മുഖ്യമന്ത്രി അധിക്ഷേപിച്ച് സംസാരിച്ചത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ രോഗം സംശയിക്കപ്പെട്ട ശേഷം അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. ഫെബ്രുവരി 29 മുതൽ താനുമായി അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. അതേസമയം കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പൊതുവികാരം ഉയർന്നിരുന്നു.