ശ്വാസകോശരോഗങ്ങളും പനിയുമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നില്ല; നിര്‍ദേശം അട്ടിമറിച്ച് ആശുപത്രികള്‍, ഗുരുതരവീഴ്ച

Jaihind News Bureau
Tuesday, June 16, 2020

 

സംസ്ഥാനത്ത് ശ്വാസകോശരോഗങ്ങളും പനിയുമായി എത്തുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താതെ ആശുപത്രികളുടെ ഗുരുതരവീഴ്ച. കഴിഞ്ഞദിവസം  തിരുവനന്തപുരത്ത്  മരിച്ച രമേശന്  ശ്വാസകോശ രോഗമായിരുന്നിട്ടും മെഡിക്കൽ കോളജിലോ ജനറൽ ആശുപത്രിയിലോ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല.

ശ്വാസകോശ രോഗത്തിന് ചികിത്സ തേടി വന്നിട്ടും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും കൊവിഡ് പരിശോധന നടത്താത്തത് ഇരു ആശുപത്രികളിലെയും അധികൃതരുടെ ഭാഗത്തും നിന്നും വന്ന ഗുരുതരമായ പാളിച്ചയാണ്. മരണ ശേഷം  ജനറൽ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രമേശന് കൊവിഡാണെന്ന് വ്യക്തമാകുന്നത്. ആദ്യം പരിശോധന നടത്തിയിരുന്നെങ്കിൽ ഇദ്ദേഹത്തിന് യഥാസമയം ചികിത്സ ലഭ്യമാക്കാമായിരുന്നു. കൊവിഡ് പരിശോധന നടത്താത്തതിനാൽ രോഗി കൂടുതൽ പേരുമായി സമ്പർക്കത്തിലേർപ്പെടുന്നതിനും ഇടയായി.

തിരുവനന്തപുരത്ത് ആദ്യം മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന്റെ രോഗ ഉറവിടവും കണ്ടെത്താനായിട്ടില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിൽസ തേടിയ ശേഷം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. ജൂൺ രണ്ടിന് മരിച്ച ഫാ കെ ജി വർഗീസ് ഒരു മാസം മെഡിക്കൽ കോളജിലും തുടർന്ന് പേരൂർക്കടയിലും ചികിൽസയിലായിരുന്നു. രണ്ടാശുപത്രികളും കൊവിഡ് ടെസ്റ്റ് നടത്തിയില്ല. രോഗ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിശോധനാ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.