സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രിക്കാനാകാതെ സർക്കാരും ആരോഗ്യ വകുപ്പും ; വിമർശനം

Jaihind News Bureau
Friday, February 5, 2021

Government-Secretariat

 

തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കൊവിഡ് പടരുകയാണ്. 55 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാന്‍റീന്‍ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായെന്നാണ് ആക്ഷേപം.

സന്ദർശകർക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കൊവിഡ് പടരുന്നതു സർക്കാരിന് നിയന്ത്രിക്കാനാകുന്നില്ല. സെക്രട്ടേറിയറ്റിൽ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഈ ഗേറ്റിലൂടെ അകത്തു കടക്കണമെങ്കിൽ സെക്രട്ടേറിയറ്റിനുള്ളിൽ നിന്നു ഗേറ്റിലേക്കു വിളിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുകയും വേണം. ഈ നിയന്ത്രണം കൊവിഡ് പടരാതിരിക്കാൻ എന്നായിരുന്നു വിശദീകരണം.

കഴിഞ്ഞയാഴ്ച ക്യാന്‍റീന്‍ സഹകരണ സംഘത്തിലേക്കു നടന്ന തെരഞ്ഞെടുപ്പാണു കൊവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്നും  ആരോപണമുയർന്നിട്ടുണ്ട്. 5500 ലേറെ പേരാണു നിയന്ത്രണങ്ങൾ ലംഘിച്ചു തിക്കിത്തിരക്കി വോട്ടു ചെയ്യാനെത്തിയത്.  വെള്ളിയാഴ്ച വിജയാഹ്ലാദ പ്രകടനത്തിനും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല.