രാജ്യത്ത് കൊവിഡ് കുതിക്കുന്നു : തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കൊവിഡ് കേസുകള്‍ ; ആകെ മരണ സംഖ്യ ഒന്നേമുക്കാല്‍ ലക്ഷം കവിഞ്ഞു

Jaihind Webdesk
Saturday, April 17, 2021


ന്യൂഡല്‍ഹി : കൊവിഡ് രാജ്യത്ത് കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1341 ആണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,23,354 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവര്‍ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാന്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബെംഗളൂരുവിലെ പത്ത് ഹോട്ടലുകള്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റാന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍ തീരുമാനമായി. ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കര്‍ഫ്യൂ ഏപ്രില്‍ 20 വരെ നീട്ടും.

രാജ്യത്ത് ഇതുവരെ 11,99,37,641 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കോവാക്‌സിന്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിന്‍ ബയോഫാര്‍മ കോര്‍പ്പറേഷന് അനുമതി നല്‍കി.