കേരളത്തിലെ കൊവിഡ് വ്യാപനം; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സംഘം; പരിശോധന കൂട്ടാന്‍ നിർദേശം

Jaihind Webdesk
Sunday, August 1, 2021

 

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധ സംഘം. ടിപിആർ നിരക്ക് കൂടിയ ജില്ലകളില്‍ സംഘം സന്ദർശനം തുടരുകയാണ്. ശാസ്ത്രീയ നിയന്ത്രണ രീതികള്‍ നടപ്പാക്കണമെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സംഘം നിർദേശിച്ചു.

കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം ഇന്ന് സന്ദർശനം നടത്തിയത്. ഇവിടങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. പരിശോധനകള്‍, കോണ്‍ടാക്ട് ട്രെയ്സിംഗ്, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയാണ് കേന്ദ്ര സംഘം പ്രധാനമായും വിലയിരുത്തുന്നത്. കോഴിക്കോട് ജില്ലയിലെ രൂക്ഷമായ വാക്സിൻ ക്ഷാമം കളക്ടർ സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് സംഘം വ്യക്തമാക്കി.

കൂടുതൽ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശാസ്ത്രീയ നിയന്ത്രണ രീതികൾ നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സംഘം നിർദേശം നല്‍കി. പരിശോധനകളുടെ എണ്ണം കൂട്ടാനാണ് പ്രധാന നിര്‍ദേശം. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ (എൻസിഡിസി) ഡയറക്ടർ ഡോ. എസ്.കെ സിംഗിന്‍റെ നേതൃത്വത്തിൽ ആറുപേടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെത്തിയത്. നാളെ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര സംഘം ചര്‍ച്ചകള്‍ നടത്തും.