കൊവിഡ് വ്യാപനം : കര്‍ണാടകയില്‍ നാളെ രാത്രി 9 മണി മുതല്‍ 14 ദിവസം കര്‍ഫ്യൂ

Jaihind Webdesk
Monday, April 26, 2021

ബംഗളുരു : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 14 ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. നാളെ (26-04-2021)  രാത്രി 9 മുതല്‍ 14 ദിവസത്തേക്കാണ് കര്‍ഫ്യൂ. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാവിലെ ആറു മുതല്‍ 10 മണി വരെ അവശ്യസേവനങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ശേഷം കടകള്‍ അടയ്ക്കണം. പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകളിലെ പ്രവർത്തനങ്ങള്‍ക്ക് നിയന്ത്രണമില്ല.

കർണാടകത്തിലെ കൊവിഡ് പ്രതിദിന കണക്കുകള്‍ 30,000 കടന്ന് കുതിക്കുകയാണ്. ഞായറാഴ്ച 34,804 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് 14 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചത്.