സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് ഇന്ന് തുടക്കം; അവലോകന യോഗം 11 മണിക്ക്

Jaihind Webdesk
Monday, January 10, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷനും ഇന്ന് തുടക്കമാകും.

കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാർഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിർദേശങ്ങൾ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും.

കൊവിഡിനൊപ്പം ഒമിക്രോണ്‍ വകഭേദവും   സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് കരുതൽ ഡോസ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കുന്നത്. വാക്സിനേഷനിലൂടെ കൊവിഡിന്‍റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് ഇന്നുമുതൽ കരുതല്‍ ഡോസ് വാക്സിൻ നൽകുക. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. ഓൺലൈനായി കോവിൻ പോർട്ടൽ വഴിയാണ് വാക്‌സിൻ ബുക്ക് ചെയ്യേണ്ടത് . പോർട്ടലിലെ രജിസ്ട്രേഷൻ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. മുമ്പ് വാക്സിൻ എടുത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രിക്കോഷന്‍ ഡോസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വേണം വാക്സിൻ ബുക്ക് ചെയ്യാൻ.

ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തിൽ കരുതല്‍ ഡോസ് നൽകുന്നത്. ഒമിക്രോണ്‍ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നതിനോടൊപ്പം കൊവിഡ് കേസുകൾ കൂടി അനിയന്ത്രിതമായി ഉയരുന്നത് മൂന്നാം തരംഗ സൂചനയാണെന്ന ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് കരുതല്‍ ഡോസ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കുന്നത്.