അതിർത്തികള്‍ അടച്ച് കർണാടക ; കേരളത്തില്‍ കൊവിഡ് രൂക്ഷമെന്ന് വിശദീകരണം ; ആർടിപിസിആർ നിർബന്ധം

Jaihind News Bureau
Monday, February 22, 2021

കേരളത്തിലെ കൊവിഡ് വ്യാപനവും കൊവിഡ് രണ്ടാം തരംഗവും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കി കർണാടക.  കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴികെ മറ്റെല്ലാ വഴികളും അടച്ചു.വാഹനങ്ങള്‍ക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് രേഖ നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് മാത്രമാണ് നിയന്ത്രണമില്ലാത്തത്.

നിയന്ത്രണങ്ങളുടെ ഭാഗമായി വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തടഞ്ഞത് ഗതാഗതകുരുക്കിന് കാരണമായി. ചരക്ക് വാഹനങ്ങൾ ഉൾപ്പടെയാണ് ബാവലിയിൽ കർണാടക ഉദ്യോഗസ്ഥർ തടഞ്ഞിട്ടത്. ഇതാടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. ഇത് വാക്കുതർക്കത്തിലേക്ക് നയിച്ചു. തുടർന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്ന് ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു.

ഇനിമുതല്‍ ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല. എല്ലാ യാത്രക്കാർക്കും ഇന്നുമുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക അറിയിച്ചു.