തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം ; കൂടുതൽ കണ്ടെയ്ൻമെൻ്റ് സോണുകൾ ; നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനം

Jaihind Webdesk
Thursday, April 15, 2021

 

തിരുവനന്തപുരം :  തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്നു. നഗരസഭാ പരിധിയിൽ കൂടുതൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. പൊലീസ് പരിശോധന ഉൾപ്പെടെ ശക്തമാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.

കഴിഞ്ഞ ദിവസം മാത്രം തിരുവനന്തപുരത്ത് 666 പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. 4665 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ തലസ്ഥാനത്തുള്ളത്. തലസ്ഥാനത്തെ ഉയർന്നുവരുന്ന കൊവിഡ് കണക്കുകൾ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് നിരത്തുകളിൽ കർശന പരിശോധന നടത്തും. നഗരസഭ പരിധിയിൽ കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അവശ്യ സ‍ർവ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളെല്ലാം പിൻവലിച്ചെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയതോടെ തലസ്ഥാനത്ത് നിയന്ത്രണം കടുക്കുകയാണ്. ആരോഗ്യപ്രവർത്തകർ ഒഴികെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതൽ കരുതൽ പാലിക്കാനാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകുന്നത്.