മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കോണ്‍ഗ്രസ്; രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ് പ്രവാസികളെ ക്വാറന്‍റീന്‍ ചെയ്യാനായി വിട്ടുനല്‍കും, കൊവിഡ് റിക്കവറി സെന്‍ററും സ്ഥാപിക്കും

Jaihind News Bureau
Monday, May 4, 2020

 

തിരുവനന്തപുരം: കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്‍റീന്‍ ചെയ്യാനായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ്(ആര്‍.ജി.ഐ.ഡി.എസ്) വിട്ടു നല്‍കുന്നു. ഇതിനു പുറമേ കൊവിഡ് റിക്കവറി സെന്ററും( സി.ആര്‍.സി) ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കും. 600-ഓളം പേരെയാകും ഒരു സമയം ഇവിടെ ക്വാറന്റീന്‍ ചെയ്യാനാകുക. വെന്റിലേറ്റര്‍, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങള്‍, ഓക്‌സിജന്‍ പോയിന്റുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ അടങ്ങിയതകും കോവിഡ് റിക്കവറി സെന്റര്‍. 20 കിടക്കകളാകും റിക്കവറി സെന്ററില്‍ ഉണ്ടാകുക. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

മടങ്ങി എത്തുന്ന പ്രവാസികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ടുനല്‍കാനുള്ള സന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. ഇതിന് നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടിയും നല്‍കി. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ 15 ദിവസത്തിനകം റിക്കവറി സെന്റര്‍ പ്രവര്‍ത്തന സജ്ജമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ സി.ആര്‍.സി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറും.

അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി (സി.എസ്.ആര്‍) ഫണ്ടിന്റെ സഹായത്തോടെയാണ് ആര്‍.ജി.ഐ.ഡി.എസ് കോവിഡ് റിക്കവറി സെന്റര്‍ സജ്ജമാക്കുന്നത്. വിദേശത്തു നിന്നും പ്രവാസികള്‍ വലിയ തോതില്‍ മടങ്ങിയെത്തുമ്പോള്‍ അവരെ നിരീക്ഷിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല. അത്തരമൊരു പ്രതിസന്ധി മുന്നില്‍ കണ്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് റിക്കവറി സെന്റര്‍ സ്ഥാപിക്കുന്നതിന് സന്നദ്ധമായി മുന്നോട്ട് വന്നിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ മുംബൈ, ബറൂച്ഛ് തുടങ്ങീ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിളും അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റി കോവിഡ് റിക്കവറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനായി ഇത്തരത്തില്‍ സി.എസ്.ആര്‍ ഫണ്ട് ചെലവഴിക്കുന്നുണ്ട്.

നേരത്തെ, കേരളത്തില്‍ കോവിഡ് ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പഠിക്കാന്‍ ആര്‍.ജി.ഐ.ഡി.എസ് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തികം, സാമൂഹികം, ആരോഗ്യം, കാര്‍ഷികം, വ്യാവസായികം തുടങ്ങിയ മേഖലകളില്‍ കോവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാനിടയുള്ളതുമായ ആഘാതതത്തെ കുറിച്ചാണ് സമിതി പഠനം നടത്തുന്നത്. ഈ മാസം അവസാനത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് ആര്‍.ജി.ഐ.ഡി.എസ് സംസ്ഥാന സര്‍ക്കാരിനും കൈമാറും.