ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, March 27, 2020

Ramesh-Chennithala

തിരുവനന്തപുരം:  ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ വരാത്തതാണ് ഇതിന് കാരണം. ഇതിനാല്‍ പലരും വില കൂട്ടി വില്‍ക്കുന്നു. ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ കടകളിലെത്തിക്കേണ്ട സംവിധാനമുണ്ടാക്കണമെന്നും അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരുന്നുകള്‍ക്ക് വില കൂട്ടുകയും ചികിത്സയിലുള്ളവര്‍ക്ക് കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മാര്‍ച്ച് 31 വരെയാണ് കാരുണ്യപദ്ധതിയുടെ കാലാവധി. ഇത് നീട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഹീമോഫീലിയ രോഗികള്‍ മരുന്നു ലഭിക്കുമോ എന്ന ആശങ്കയിലാണ്. കാരുണ്യപദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നും ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തെ പൊലീസ് നടപടി മികച്ചതാണ്. ചിലര്‍ അതിരുവിടുന്നു. പാസ് വിതരണവും കാര്യക്ഷമമല്ല. ഇതിന് മറ്റ് സംവിധാനങ്ങള്‍ കൂടി പരിഗണിക്കണം. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ അതിര്‍ത്തിപ്രദേശങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്‍ഷുറന്‍സ് നടപ്പാക്കണം. സഹകരണ ബാങ്കുകളുടെ വായ്‌പ തിരിച്ചടക്കാന്‍ സാവകാശം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.