കൊവിഡ്: മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളിലെ വിവിധ ആശുപത്രികള്‍ക്ക് രാഹുൽ ഗാന്ധിയുടെ സഹായം; 270.60ലക്ഷം രൂപ അനുവദിച്ചു

Jaihind News Bureau
Thursday, March 26, 2020

Rahul Gandhi

കൊവിഡ് 19 പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്‍റിലേറ്റർ,  ഐസിയു  അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് , മഞ്ചേരി മെഡിക്കൽ കോളേജ് , മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്‍റിലേറ്റർ , ഐസിയു ക്രമീകരണം , കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് ഫണ്ട് വകയിരുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം, മഞ്ചേരി മെഡിക്കൽ കോളേജിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയിക്ക് 100 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.

കൂടാതെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ ഡോ. അമീ യാജ്നിക്ക് തന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി  എ.പിഅനിൽകുമാർ എം എല്‍എ പറഞ്ഞു .

അതേസമയം വയനാട് നിയോജക മണ്ഡലത്തിലേക്ക്  20000 മാസ്ക്, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമല്‍ സ്കാനറുകള്‍ എന്നിവ രാഹുൽഗാന്ധി നേരത്തെ കൈമാറിയിരുന്നു. ഇവയില്‍ മലപ്പുറം ജില്ലയിലേക്കുള്ള സാമഗ്രികൾ എ പി അനിൽ കുമാർ എംഎൽഎ ജില്ലാ കളക്ടർ ജാഫർ മാലിക്കിന് കൈമാറി.

30 തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ രാഹുൽ ഗാന്ധി എം.പി നേരത്തെ എത്തിച്ചിരുന്നു.ഒപ്പം സ്‌കാനറുകളില്‍ 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും കൈമാറി.  കൊവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും രാഹുൽ ഗാന്ധിയുടെ സഹായമെത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി 5000 കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും അദ്ദേഹം എത്തിച്ചിരുന്നു.