എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ ക്വാറന്‍റീന്‍ ചെയ്യുന്നതിൽ ഗുരുതര വീഴ്ച; പി.ടി.തോമസ് എംഎൽഎ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

Jaihind News Bureau
Thursday, April 2, 2020

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ ക്വാറന്‍റീന്‍ ചെയ്യുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന് പി.ടി.തോമസ് എംഎൽഎ. മാർച്ച് 19 മുതൽ എയർപോർട്ട് അ‌ടയ്ക്കുന്നത് വരെ ഡ്യൂട്ടി ചെയ്തവരെ ക്വാറന്‍റീന്‍ ചെയ്യാനുള്ള ഉത്തരവ് വന്നത് ഒരു ആരോഗ്യപ്രവർത്തകന് രോഗബാധ സ്ഥിരീകരിച്ച ശേഷം മാത്രമാണെന്നും ഇവരിൽ പലരും ഇതിനകം ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള തങ്ങളുടെ മാതൃസ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിരുന്നെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് അ‌ദ്ദേഹം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

ഇങ്ങനെ ഡ്യൂട്ടിയിൽ പ്രവേശിച്ച രണ്ടു പേർക്കാണ് പിന്നീട് ​കൊറോണ സ്ഥിരീകരിച്ചത്. ജോലി​യിൽ തിരികെ പ്രവേശിച്ച് ഒരാഴ്ചയോളം കഴിഞ്ഞാണ് ഇവർക്ക് ക്വാറന്‍റീന്‍ നിർ​ദേശിച്ചത്. എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായ ചില ഡോക്ടർമാർ ജനറൽ ആശുപത്രി പോലുള്ള മാതൃസ്ഥാപനങ്ങളിൽ ഓപ്പറേഷൻ പോലും നടത്തി. ഗുരുതരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ വീഴ്ചയാണിതെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.