മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ വിശദീകരിച്ച ചടങ്ങിലും പ്രോട്ടോക്കോൾ ലംഘനം ; ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തില്‍ പങ്കെടുത്തത് നൂറിലേറെപ്പേർ

Jaihind News Bureau
Saturday, October 3, 2020

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്  ഡികെ മുരളി എം.എൽ.എയുടെ നേതൃത്വത്തില്‍ ഉദ്ഘാടനച്ചടങ്ങ്.  വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് കൊവിഡ് ചട്ടങ്ങൾ ലംഘിച്ചത്. സര്‍ക്കാരിന്‍റേത് ഉള്‍പ്പടെയുള്ള പൊതുപരിപാടികളില്‍ ഇരുപതിലേറേ പേര്‍ പങ്കെടുക്കരുതെന്ന്  മുഖ്യമന്ത്രി ആവശ്യപ്പെട്ട ചട ങ്ങാണ് പ്രോട്ടോക്കോള്‍ ലംഘനത്തിന് വേദിയായത്.

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തടയാന്‍ സിആർപിസി 144 പ്രകാരം നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ അനുസരിച്ച് പൊതു ചടങ്ങുകളിലൊന്നും 20 പേര്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. എന്നാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍  നടന്ന ഉദ്ഘാടന ചടങ്ങിന്‍റെ  ദൃശ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ സാമൂഹിക  അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെ നിരവധിപേർ ഒത്തുകൂടിയത് വ്യക്തമാണ്.

ശിലാസ്ഥാപന ചടങ്ങിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് നിര്‍വ്വഹിച്ചത് എങ്കിലും സ്‌കൂളില്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. 100ലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പും പലതവണ ഡി. കെ മുരളി എംഎല്‍എയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് എംഎല്‍എ പലതവണ ക്വാറന്‍റൈനില്‍ പോകേണ്ടിവന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ സിപിഎം ജനപ്രതിനിധികളും മന്ത്രിമാരും തന്നെ ലംഘിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന പലതവണ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളും കൈകൊണ്ടിട്ടില്ല. പ്രതിപക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വകുത്തി തീര്‍ക്കാന്‍ മുഖ്യമന്ത്രിയടക്കം പലവട്ടം പ്രസ്താവനകള്‍ നടത്തുമ്പോഴാണ് ഈ കണ്ണടച്ച് ഇരുട്ടാക്കല്‍ എന്നതാണ് ശ്രദ്ധേയം