സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും

Jaihind Webdesk
Tuesday, August 24, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി.

ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല.

ഇന്ന് കേരളത്തില്‍ 24,296 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് ഇന്നലെ ഇറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം വാക്‌സീന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.