രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയി ഉയർന്നു; നാളെ രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഒൻപത് മണി വരെ ജനത കർഫ്യൂ

Jaihind News Bureau
Saturday, March 21, 2020

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയി ഉയർന്നു. ഇവരിൽ 32 പേർ വിദേശികൾ ആണ്. അതേ സമയം കോറോണയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ നാളെ. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഒൻപത് മണി വരെയാണ് ജനത കർഫ്യൂ.

കൊറോണ വൈറസ് ബാധ നിരവധി പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കേരളത്തിൽ പുതുതായി 12 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചു.

ഗുജറാത്തിലും തെലങ്കാനയിലും രണ്ട് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യാനം മേഖല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നാല് പേരിൽ കൂടുതൽ കൂട്ടം ചേർന്ന് നിൽക്കുന്നതിനാണ് വിലക്ക്.

മുംബൈയിൽ അവശ്യ സേവനങ്ങൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും കടകളും വ്യാപാരസ്ഥാപനങ്ങളും മാളുകളും അടയ്ക്കാൻ സർക്കാർ നിർദേശം നൽകി. അതേസമയം, പൊതുഗതാഗതം നിർത്തിവയ്ക്കില്ലെന്നും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

രാജ്യതലസ്ഥാനത്തെ പലചരക്ക്, ഫാർമസി, പച്ചക്കറി കടകൾ ഒഴികെ എല്ലാ കടകളും മാളുകളും അടച്ചിടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു. നിലവിൽ രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി നീട്ടി നല്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രിൽ 15 വരെയാണ് വിസ നീട്ടി നല്കുന്നത്. അതേ സമയം കോറോണയുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഒൻപത് മണി വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനന്ത്രി ജനതാ കർഫ്യൂയിലൂടെ നിർദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും കഷ്ടപ്പെടുന്നത്. ഇവർക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയിൽ നാളെ അഞ്ചുമണിക്ക് വാതിൽ, ബാൽക്കണി, ജാലകങ്ങൾ എന്നിവിടങ്ങളിൽനിന്ന് അഞ്ചുമിനിട്ട് കൈകൾ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നാളെ ഡൽഹി, ബെംഗളൂരു മെട്രോകൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേ സമയം നാളത്തെ ജനതാ കർഫ്യൂവിനിടയിലും സുരക്ഷിതത്വം ഉറപ്പാക്കി പ്രതിഷേധം തുടരുമെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രക്ഷോഭം നടത്തുന്നവർ വ്യക്തമാക്കി. രണ്ട് ടെന്റുകളിലായി രണ്ട് സ്ത്രീകൾ വീതം പ്രതിഷേധം തുടരുമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്.