കൊവിഡ് രോഗികളുടെ വിവരചോര്‍ച്ച അതീവ ഗൗരവതരം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Monday, April 27, 2020

 

തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും കാസര്‍ഗോഡും ചോര്‍ന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണ് ഈ സംഭവ വികാസം നല്‍കുന്നത്. സ്പ്രിങ്ക്‌ളറിന്റെ വിവരശേഖരണത്തെപ്പറ്റിയുള്ള ആശങ്കകള്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അത് കുരുട്ടു ബുദ്ധിയാണെന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്ക് ഇപ്പോഴെന്താണ് പറയാനുള്ളത്? പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ചോരാതെ കാത്തു സൂക്ഷിക്കിന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ കാട്ടിയ ലാഘവബുദ്ധിയും അലംഭാവവും ജാഗ്രതക്കുറവുമാണ് കണ്ണൂരിലെയും കാസര്‍കോട്ടെയും ചോര്‍ച്ചയ്ക്ക് കാരണം. സ്പ്രിങ്ക്‌ളര്‍ കരാറിലും ഡാറ്റയുടെ ചോര്‍ച്ച തടയുന്ന കാര്യത്തില്‍ ഇതേ ലാഘവ ബുദ്ധിയാണ് സര്‍ക്കാര്‍ കാണിച്ചത്. അതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയും അത് സമ്മതിക്കുകയും വിവര ചോര്‍ച്ച തടയുന്നതിനുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

കണ്ണൂരിലും കാസര്‍ഗോഡും രോഗികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ബാംഗ്‌ളൂര്‍ ആസ്ഥാനമായ ചില ആശുപത്രികളില്‍ നിന്നും തുടര്‍ ചികിത്സക്ക് എന്ന് പറഞ്ഞാണ് ഫോണ്‍വിളികള്‍ എത്തിയത്. പൊലീസ് തയ്യാറാക്കിയ സോഫ്ട് വെയറില്‍ നിന്നാണ് ചോര്‍ച്ച് ഉണ്ടായതെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരശേഖരണവും വിശകലനവും സ്പ്രിങ്ക്‌ളറാണ് ചെയ്യുന്നതെങ്കില്‍ പൊലീസ് എന്തിന് പ്രത്യേക സംവിധാനം ഒരുക്കിയതെന്ന ചോദ്യം ഉദിക്കുന്നു.

ഈ വിവര ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണം. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
കണ്ണൂരിലേയും കാസര്‍കോട്ടേയും വിവര ചോര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.